Sureshgopi

Sureshgopi
The Action Hero!

Monday, September 02, 2013

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വീടൊരുക്കി സുരേഷ് ഗോപി
Posted on Matrubhumi.com: 29 Aug 2013
ചെറുവത്തൂര്‍ : കാസര്‍ഗോഡ് മയ്യിച്ചയില്‍ അംഗിതക്കും കടിഞ്ഞൂല്‍മൂലയിലെ അഫ്‌സലിലും ഇനി മഴയത്ത് അല്ലലേതുമില്ലാതെയുറങ്ങാം. എന്‍ഡോസള്‍ഫാന്‍ വേട്ടയാടിയ ഇവര്‍ക്ക് സിനിമാതാരം സുരേഷ്‌ഗോപിയാണ് വീട് നിര്‍മിച്ച് കൊടുത്തത്. താരപരിവേഷം മാറ്റി മണ്ണിലേക്കിറങ്ങിവന്ന ചലച്ചിത്ര താരം സുരേഷ്‌ഗോപി മയ്യിച്ച ഗ്രാമത്തിന്റെ മനസ്സ് കീഴടക്കി. എന്‍ഡോസള്‍ഫാന്‍ ഇര മയ്യിച്ചയിലെ അംഗിതയ്ക്കായി പണിത വീടിന്റെ താക്കോല്‍ കൈമാറാന്‍ ബുധനാഴ്ച രാവിലെ 9.30നാണ് സുരേഷ്‌ഗോപി മയ്യിച്ചയിലെത്തിയത്. അതിരാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്ത സുരേഷ്‌ഗോപി സുരക്ഷിതം/തീര്‍ഥസ്ഥലം എന്നര്‍ഥമാക്കുന്ന 'ഗോപിഥം' എന്ന് പേര് നല്‍കിയ വീട്ടിനകത്തുകയറി. എട്ടുവയസ്സിലും പരസഹായമില്ലാതെ കഴിയാനാവാത്ത അംഗിതയെ അമ്മ രമയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി മുത്തം നല്‍കി. അമ്മമ്മ പാറു നല്‍കിയ കാച്ചിയ പാലില്‍നിന്ന് ഒരുതുള്ളി സുരേഷ്‌ഗോപി അംഗിതയുടെ നാവിലേക്ക് പകര്‍ന്നു. താരമനസ്സില്‍നിന്ന് ഒഴുകിയ സ്‌നേഹം ചെറുചിരിയോടെയാണ് അംഗിത നുകര്‍ന്നത്. സുരേഷ്‌ഗോപിയുടെ കാരുണ്യസ്പര്‍ശം അച്ഛന്‍ രാധാകൃഷ്ണന്റെ കണ്ണുകളെ ഈറനണിയിച്ചു. സുരേഷ്‌ഗോപിയുടെ സഹായത്തോടെ നെഹ്രുകോളേജ് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ മയ്യിച്ച ഗ്രാമവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വീടൊരുക്കിയത്. ഈ മനോഹരമായ വീട് ഞാന്‍ ചെയ്ത ചെറുസഹായം കൊണ്ടുമാത്രമല്ല ഇവിടെ കൂടിയിരിക്കുന്ന ഒരോവ്യക്തിയുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ പണിതതാണെന്നും വീടിന്റെ ചുവരുകളില്‍ നാട്ടുകാരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടെന്നും നാട്ടുകാരുടെ കരഘോഷങ്ങള്‍ക്കിടെ സുരേഷ്‌ഗോപി പറഞ്ഞു. ജനങ്ങളെ മറക്കുന്ന ഭരണകര്‍ത്താക്കളെ വരച്ചവരയില്‍ നടത്തണം -സുരേഷ് ഗോപി
ചെറുവത്തൂര്‍/നീലേശ്വരം:അഞ്ചുവര്‍ഷം ഭരണമേല്പിക്കുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ കഴിയണമെന്നും ജനങ്ങളെ മറക്കുന്ന ഭരണകര്‍ത്താക്കളെ വരവരച്ച് അതിലൂടെ നടത്തണമെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു. ചെറുവത്തൂര്‍ മയ്യിച്ചയിലെ എന്‍ഡോസള്‍ഫാന്‍ ഇര അംഗിതയ്ക്കും നീലേശ്വരം തൈക്കടപ്പുറത്തെ അഫ്‌സലിനും വേണ്ടി നെഹ്രു കോളേജ് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ജനകീയ സംഘാടകസമിതി പണിത വീടുകളുടെ താക്കോല്‍ കൈമാറുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ അവരുടെ കടമ മറക്കരുത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍മാത്രം പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ പാഠംപഠിപ്പിച്ചുതുടങ്ങണം. എന്‍ഡോസള്‍ഫാന്‍ ചതിയും ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടവരുടെ ചിത്രവുമാണ് എന്റെ മനസ്സില്‍. ബോവിക്കാനത്തെ ഉണ്ണികൃഷ്ണന് വീടിന്റെ താക്കോല്‍ കൈമാറുമ്പോള്‍ എന്റെ മനസ്സ് ഉണര്‍ന്നു. ഇനിയും കൂടുതല്‍ ചെയ്യണമെന്ന തോന്നലുണ്ടായി. ഒരു വീടിന്റെ പണി തുടങ്ങിയപ്പോള്‍ 10 വീട് കൊടുക്കാന്‍ എന്റെ കൈയിലുണ്ട്. അര്‍ഹരായവരെ കണ്ടെത്തി അഞ്ചുസെന്‍റ് സ്ഥലം പതിച്ചുകൊടുക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറാകണം. കാസര്‍കോട്ടുകാരന് തമിഴ്‌നാട് അതിര്‍ത്തിയിലാകരുത് സ്ഥലം കൊടുക്കുന്നത്, ജനിച്ച മണ്ണിലായിരിക്കണം -സുരേഷ് ഗോപി പറഞ്ഞു. മയ്യിച്ച-വെങ്ങാട്ട് വയല്‍ക്കര ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ അംഗിതയ്ക്ക് താക്കോല്‍ കൈമാറിയ ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗൃഹനിര്‍മാണം ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും സുരേഷ് ഗോപി ഉപഹാരം നല്‍കി ആദരിച്ചു. വി.വി.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സി.കാര്‍ത്ത്യായനി, അംഗം എം.രാധാമണി, പ്രിന്‍സിപ്പല്‍ ഡോ. എം.മുരളീധരന്‍, കെ.രാമനാഥന്‍, ഇ.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍ പാലത്തേര, എം.പി.പദ്മനാഭന്‍, ടി.പി.സുകുമാരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ. ഷീജ എന്നിവര്‍ സംസാരിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും എം.പി.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. തൈക്കടപ്പുറത്ത് അഫ്‌സലിന് താക്കോല്‍ കൈമാറിയ ചടങ്ങില്‍ കെ.വി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ് റാഫി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ കെ.വി.അമ്പാടി, പുഞ്ചക്കര പദ്മനാഭന്‍, കോളേജ് മാനേജര്‍ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.രാധാകൃഷ്ണന്‍, കെ.രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും പി.ശ്രീനാഥ് നന്ദിയും പറഞ്ഞു. ദേ വന്നു! സുരേഷ്‌ഗോപി കൈനിറയെ മധുരവുമായി പെരിയ:കൈനിറയെ മധുരവും പഴങ്ങളും കുട്ടികള്‍ക്കായി കരുതി നടന്‍ സുരേഷ് ഗോപി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പഠനം നടത്തുന്ന മഹാത്മാ ബഡ്‌സ് സ്‌കൂളിലെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയല്ലാതിരുന്നിട്ടും സുരേഷ് ഗോപി വരുമെന്നറിഞ്ഞ് നിരവധിപേര്‍ മഹാത്മ ബഡ്‌സ് സ്‌കൂളിലെത്തി. സ്‌കൂളിലേക്ക് കടന്നുവന്ന താരത്തെ 'ദേ പോയി ദാ വന്നു' എന്നു പറഞ്ഞാണ് കുട്ടികള്‍ വരവേറ്റത്. 'ഞാന്‍ വന്നു. തിരിച്ചുപോകാനാകില്ല' എന്നായിരുന്നു സുരേഷ് ഗോപിയുടെ കമന്‍റ്. തുടര്‍ന്ന് മധുരവും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കി സീരിയല്‍ നടി അനു ജോസഫും കൂടെ ഉണ്ടായിരുന്നു. കുട്ടികള്‍ വരച്ച ചിത്രം സുരേഷ്‌ഗോപിക്ക് കൈമാറി. മഹാത്മ ബഡ്‌സ് സ്‌കൂളിന്റെ മൂന്നു വര്‍ഷത്തെ മികവ് പകര്‍ത്തിയ പുസ്തകം സുരേഷ്‌ഗോപി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.അരവിന്ദാക്ഷന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ലീലാകുമാരിയമ്മ, പ്രിന്‍സിപ്പല്‍ ദീപ പേരൂര്‍, കരീം കുണിയ, എം.ശൈലജ, വിനോദ്കുമാര്‍ പള്ളയില്‍ വീട്, ഗീത നാരായണന്‍, കല്ല്യാണി, പി.മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Your comments will be published right-away. However, all comments are subject to review.